പാലാ: പാലായിലും പരിസരപ്രദേശത്തും തെരുവുനായ്ക്കള്‍ പെരുകുമ്പോള്‍ അധികാരികള്‍ കണ്ണടയ്ക്കുകയാണെന്ന് ബൗബൗ സമരസമിതി. തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പല്‍ അധികൃതരോട് സമിതി ആവശ്യപ്പെട്ടു.
അടിയന്തരമായി തീരുമാനമെടുത്ത് നടപടികള്‍ തുടങ്ങിയില്ലെങ്കില്‍ ബൗബൗ സമരം നാലാം ഘട്ടം തുടങ്ങുമെന്നും സമരസമിതി മുന്നറിയിപ്പ് നല്കി. നായ്ക്കളുടെ അതിപ്രസരം ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡ്, ടൗണിലെ സ്കൂള്‍ പരിസരം, കുരിശുപള്ളി ജംഗ്ഷന് എന്നിവിടങ്ങളിൽ ദൃശ്യമാണ്. സ്റ്റേഡിയം അടച്ചതുകൊണ്ട് നിരവധിപേര്‍ നടപ്പുവ്യായാമം ചെയ്യുന്ന പുഴക്കര റോഡില്‍ നായ്ക്കള്‍ കുരച്ചുകൊണ്ട് വരുന്നത് പതിവാണ്.
സുപ്രീംകോടതി നിലപാട് അനുകൂലമായ സാഹചര്യത്തില്‍ ഉടന്‍തന്നെ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ബൗബൗ സമര സമതി പ്രസിഡന്റ് സന്തോഷ് മണര്‍കാട്ട് ആവശ്യപ്പെട്ടു.